11:10am 11 September 2026
NEWS
ചെങ്ങന്നൂർ നഗരസഭ ബജറ്റ്: വികസനക്കുതിപ്പിന് ഊന്നൽ; 2.64 കോടി രൂപ മിച്ചം
03/03/2026  09:09 PM IST
nila
ചെങ്ങന്നൂർ നഗരസഭ ബജറ്റ്: വികസനക്കുതിപ്പിന് ഊന്നൽ; 2.64 കോടി രൂപ മിച്ചം

​ചെങ്ങന്നൂർ: നഗരത്തിന്റെ സമഗ്ര വികസനവും ജനകീയ സേവനങ്ങളും ലക്ഷ്യമിട്ട് ചെങ്ങന്നൂർ നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സാലി ജയിംസ് അവതരിപ്പിച്ച ബജറ്റിൽ 42,76,36,654 രൂപ വരവും 40,12,11,530 രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. 2,64,25,124 രൂപ മിച്ചം പ്രതീക്ഷിക്കുന്ന വികസനോന്മുഖമായ ബജറ്റാണിത്.
​നഗരസഭാ സേവനങ്ങൾ സുതാര്യമായും വേഗത്തിലും ജനങ്ങളിലെത്തിക്കാൻ  കെസ്മാർട്ട് സംവിധാനം പൂർണമായി നടപ്പിലാക്കും. പരാതി പരിഹാരത്തിനും ഓഫീസ് മാനേജ്‌മെന്റിനും കൂടുതൽ കാര്യക്ഷമത ഉറപ്പാക്കും. പൊതുഫണ്ട് വിനിയോഗത്തിൽ പൂർണ സുതാര്യത ഉറപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.
​നഗരസഭയെ സ്വയംപര്യാപ്തമാക്കാൻ നികുതി പിരിവ് ഊർജ്ജിതമാക്കും. ഷോപ്പിംഗ് കോംപ്ലക്സ്, ടൗൺ ഹാൾ, ബസ് സ്റ്റാൻഡ് എന്നിവയുടെ നവീകരണത്തിന് മുൻഗണന നൽകും. കെട്ടിട നിർമാണത്തിനായി 
  കെയുആർ ഡി എഫ്സിയിൽ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
​ചെങ്ങന്നൂരിന്റെ അടുത്ത 40 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള റിസ്ക് ഇൻഫോംഡ് മാസ്റ്റർ പ്ലാൻ അടിയന്തിരമായി പുനഃപ്രസിദ്ധീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. ഇതിനായുള്ള കൗൺസിൽ അംഗീകാരം നേടി ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
​മാലിന്യ സംസ്കരണത്തിനായി വിപുലമായ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്:
 ജൈവമാലിന്യ പ്ലാന്റ് പ്രവർത്തനസജ്ജമാക്കും. ഹരിത കർമസേനയ്ക്ക് വരുമാനം ഉറപ്പാക്കാൻ ഇനോകുലം യൂണിറ്റുകൾ സ്ഥാപിക്കും.
​തുമ്പൂർമുഴി യൂണിറ്റുകൾ: സ്കൂളുകൾ, കോളജുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കും.
 കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യാൻ നഗരസഭ സ്വന്തമായി ക്ലീനർ വാങ്ങും.
​നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെയും കുടുംബശ്രീ മുഖേനയും പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കും. മൾട്ടി ലെവൽ പാർക്കിംഗിന് സ്ഥലം കണ്ടെത്തും. മുണ്ടങ്കാവ് ജംഗ്ഷൻ നവീകരണം, പുതിയ സ്ട്രീറ്റ് ലൈറ്റുകൾ, ബസ് ഷെൽട്ടറുകളുടെ നവീകരണം എന്നിവ വഴി ടൗൺ ബ്യൂട്ടിഫിക്കേഷൻ നടപ്പിലാക്കും.
​കുടിവെള്ളം: വാട്ടർ അതോറിറ്റിയുടെ പരിമിതികൾ മറികടക്കാൻ വേലൻപാറ, പാണ്ഡവൻപാറ ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തും. നിലവിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ 12 ലക്ഷം രൂപയും അമൃത് പദ്ധതി വഴി സൗജന്യ കണക്ഷന് 2 കോടി രൂപയും വകയിരുത്തി.
തരിശുഭൂമികളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കൃഷി വ്യാപിപ്പിക്കും. പൂക്കൃഷി, കേര കർഷകർക്കുള്ള സഹായം, ക്ഷീര കർഷകർക്കുള്ള ധനസഹായം എന്നിവ തുടരും
വിദേശത്ത് ജോലി ലഭിക്കുന്ന പട്ടികജാതി യുവാക്കൾക്ക് വിമാന ടിക്കറ്റിനും വിസയ്ക്കും 1.25 ലക്ഷം രൂപ വരെ ധനസഹായം നൽകും.
 ആയുർവേദ ആശുപത്രിക്ക് 15 ലക്ഷവും ഹോമിയോ ആശുപത്രിക്ക് 5 ലക്ഷവും നൽകും. വയോമിത്രം പദ്ധതിക്കായി 15 ലക്ഷം വകയിരുത്തി.
 സ്കൂളുകൾ സ്മാർട്ട് ആക്കുന്നതിനും ബഡ്‌സ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കുമായി തുക നീക്കിവെച്ചു. കേന്ദ്രീയ വിദ്യാലയത്തിനായി സ്ഥലം കണ്ടെത്തും.
​മറ്റ് പ്രധാന പദ്ധതികൾ
 ചാലുകളുടെ ബണ്ടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കും.
 വന്ധ്യംകരണ പദ്ധതിയും (എബിസി) ഡോഗ് ഷെൽട്ടറുകളും വിപുലീകരിക്കും. വിവരശേഖരണത്തിനായി വെതർ സ്റ്റേഷൻ സ്ഥാപിക്കും. നഗരസഭാ തലത്തിൽ നീന്തൽ പരിശീലനം ആരംഭിക്കും.
​തീർഥാടന ടൂറിസം: ശബരിമല, പരുമല, ചക്കുളത്തുകാവ് തീർഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ആറന്മുള പള്ളിയോടങ്ങൾക്ക് ധനസഹായം നൽകും.നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാമoത്തിൽ അദ്ധ്യക്ഷത വഹിച്ചു. . മുനസിപ്പൽ സെക്രട്ടറി ദീപ എം.ഡി, മുഴുവൻ കൗൺസിലർമാരും പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img